ഗാന്ധിനഗര്‍: ഗുജറാത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. പരീക്ഷ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സോഷ്യല്‍മീഡിയയിലൂടെ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചത് അറിഞ്ഞത്. ശേഷം എഴുത്തുപരീക്ഷ റദ്ദാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരായ മുകേഷ് ചൌദരി, മന്ഹാര് പട്ടേല്‍ എന്നിവരടക്കം നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡു ചെയ്തതായി ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. സിസിടിവി കാമറകളും സുരക്ഷാ ഭടന്മാരുമുള്ള സ്ട്രോങ് റൂമുകളിലാണ് ചോദ്യക്കടലാസുകള്‍ സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച മൂന്നുമണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് റദ്ദാക്കിയത്. 8.75 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 2,440 കേന്ദ്രങ്ങളായിരുന്നു ഇതിനായി ഒരുക്കിയിരുന്നത്.
ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ലോകരക്ഷക് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചെയര്മാന് വികാസ് സഹായ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.