ചെന്നൈ: ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തമിഴ്നാട്ടിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ സഹായത്തിന്റെ മറവില്‍ തമിഴ് സിനിമാതാരം രജനീകാന്തിന്റെ പ്രമോഷന് നടക്കുന്നതായി ആക്ഷേപം. ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലാണ് തമിഴ് സൂപ്പര്‍താരത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത്.
എന്നാല്‍ രജനീകാന്തിന്റെ ആരാധകര്‍ ചെയ്തതാവുമെന്നും അദ്ദേഹം ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. ജനങ്ങളുടെ നിസ്സഹായവസ്ഥയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രവര്ത്തികളെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാഷ്ട്രീയ പ്രവേശത്തിനായി ഇതുപോലെ ഒരു സന്ദര്‍ഭമല്ല രജനീകാന്തിനെ പോലുള്ള ആള് മുതലെടുക്കേണ്ടത് എന്നും ആക്ഷേപം ഉയര്‍ന്നു.
സമാന സംഭവം ഇതിന് മുമ്പും തമിഴ്നാട്ടില്‍ നടന്നിട്ടുണ്ട്. ചെന്നൈയില്‍ പ്രളയ കാലത്ത് വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലും അവശ്യ വസ്തുക്കളിലും ജയലളിതയുടെ ചിത്രം പതിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ലോറികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിച്ചെടുത്താണ് ‘ അമ്മ’ സ്റ്റിക്കറുകള്‍ അന്ന് പതിച്ചത്. അന്ന് ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.