ചെന്നൈ; സ്പെഷ്യല്‍ ദിവസങ്ങളില്‍ നിരവധി ആകര്‍ഷകമായ ഓഫറുകള്‍ നാം കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ഓഫറാണ് ദീപാവലിയുടെ ഭാഗമായി ചെന്നൈയിലെ ഒരു ബാര്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചാണ് ബാറുടമ നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന് അടക്കമുള്ള സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. സ്പെഷ്യല്‍ ഓഫറിനെക്കുറിച്ച് നാട്ടില്‍ മുഴുവന്‍ പരസ്യം പതിക്കുകയും ചെയ്തു. അണ്ണാ ഡിഎംകെ നേതാവും മുന്‍ കോര്പ്പറേഷന് കൗണ്‍സിലറുമായ മുഹമ്മദ് അലി ജിന്നയുടെ ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറുകാരാണ് സ്പെഷ്യല്‍ ഓഫറിട്ട് പുലിവാലു പിടിച്ചത്.
സംഭവം വിവാദമായതോടെ ബാറിന്റെ മാനേജരേയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പരസ്യം കണ്ട് നാട്ടുകാര്‍ നല്കിയ പരാതിയിലാണ് നടപടി. ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന് റിയാസ് മുഹമ്മദ്(41) എന്നിവരാണ് അറസ്റ്റിലായത്. ബാര്‍ ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.