നോയിഡ: ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി ശ്രീനഗര്‍ സ്വദേശി ഭീകരവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഹ്തേഷാം ബിലാല്‍ സോഫി (17)യെയാണ് കാണാതായത്. ഗ്രേയ്റ്റര്‍ നോയിഡയിലെ ശാരദ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സോഫി.
ഒക്ടോബര്‍ 28 മുതലാണ് സോഫിയെ കാണാതാവുന്നത്. ഡല്‍യില്‍ പോകണമെന്ന് ആവശ്യപ്പെട്ട് സോഫി കോളേജില്‍നിന്ന് അനുവാദം വാങ്ങിയിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സോഫിയെ തിരികെയെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്രേയ്റ്റര്‍ നോയിഡയിലും ശ്രീനഗറിലും സോഫിയെ കാണാനില്ലെന്ന് കാണിച്ച് പരാതികള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഭീകരവാദ സംഘടനയില്‍ ചേര്‍ന്നെന്ന തരത്തിലുള്ള സോഫിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. തീവ്രവാദ സംഘടനയായ ഐഎസ്ജെകെയില് ചേര്‍ന്നെന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കാണാതായ ദിവസം മുതലുള്ള സോഫിയുടെ പ്രവൃത്തികള്‍ നിരീക്ഷിച്ച് വരുകയാണെന്നും ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറിയിച്ചു.