ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാവരണത്തിനെതിരെ വ്യാപക ഗുജറാത്തില്‍ പ്രതിഷേധം. നര്‍മദയില്‍ നിര്‍മ്മിച്ച പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ചയാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. സ്ഥലം കൈയ്യേറിയാണ് പ്രതിമ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി 72 ഗ്രാമങ്ങളില്‍ ഭക്ഷണം പാകം ചെയ്യില്ലെന്നും ദുഖാചരണം നടത്തുമെന്നും ഗോത്രവര്‍ഗ നേതാവ് ഡോ. പ്രഫുല്‍ വാസവ പറഞ്ഞു. നര്‍മദ സരോവര്‍ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പ്രതിമ നിര്‍മ്മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറിയെന്നും ഇവര്‍ ആരോപിക്കുന്നു.
വന്‍തോതില്‍ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസികളും കര്‍ഷകരും പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പ്രതിമ അനാവരണം ചെയ്യുമ്പോള്‍ നര്‍മദ നദിയില്‍ ജലസമാധി നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍, ദലിത് നേതാവും സ്വതന്ത്ര എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവരും രംഗത്തുവന്നു