അമൃത്സര്‍: നഗരത്തെ നടുക്കിയ അപകടമാണ് അമൃത്സറില് കഴിഞ്ഞ ദിവസം നടന്നത്. അറുപതോളം പേരുടെ ജീവന് ഒറ്റ രാത്രിയിലാണ് പൊലിഞ്ഞത്. മരണപ്പെട്ടവര്‍ക്കിടയില്‍ അനാഥരായവരുടെ വേദനകള്‍ നഗരത്തിന് കണ്ണീര് മാത്രം നല്കുന്നു. കാണാതായവരും അനാഥരായവരും നിരവധിയാണ് ഈ അപകടത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ കണ്ണീര് കാഴ്ചയാകുന്നത് മാതാപിതാക്കളെ നഷ്ടപ്പെട്ട കരുന്നിന്റെ ദയനീയ മുഖമാണ്.
അപകടം നടന്ന് ജനങ്ങളെ മാറ്റിയതിനു ശേഷം അങ്ങ് അകലെ ട്രാക്കിലാണ് ഈ കുഞ്ഞിനെ കണ്ടത്. രണ്ട് ദിവസം പിന്നിടുമ്പോഴും കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് വിവരമില്ല. എന്തെങ്കിലും വിവരം അറിഞ്ഞാല്‍ ഉടന്‍ വിവരം കൈമാറണമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടിയ്ക്ക് പത്ത് മാസം മാത്രമാണ് പ്രായം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ 01832220205 എന്ന നമ്പറില്‍ ബന്ധപ്പെടാനാണ് പോലീസ് നിര്‍ദേശം.
കുഞ്ഞിന്റെ നെറ്റിയില്‍ ചെറിയ പരിക്കുകളുണ്ട്. അമൃത്സറിലെ ഗുരു നാനാക് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതിനകം 20 അധികം പേരെയാണ് കാണാതായിരിക്കുന്നത്. ജലന്ധറില്‍ നിന്ന് അമൃത്സറിലേയ്ക്ക് പോകുകയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് (നമ്പര്‍ 74943) ആളുകള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയത്. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെയില്‍വേ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.