ന്യൂഡല്‍ഹി; ഇന്ത്യന്‍ റെയില്‍വെയില്‍ നിയമനം നടത്താതെ നിരവധി ഒഴിവുകള്‍. 17 മേഖലകളില്‍ 2,17,369 ഒഴിവുകളാണുള്ളത്. ഇതില്‍ 1,22,763 ഒഴിവുകള്‍ സുരക്ഷാവിഭാഗത്തിലാണ്. സുരക്ഷാ ഇതര വിഭാഗങ്ങളില്‍ 94,606 ഉം. 2016 ഏപ്രില്‍ ഒന്നിലെ കണക്കാണിത്. ഇതിനുശേഷം റെയില്‍വെ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. യഥാസമയം നിയമനം നടത്താത്തതാണ് ഇത്രയും ഒഴിവുകള്‍ക്ക് കാരണം.
നിലവില്‍ ഒഴിവുകള്‍ രണ്ടരലക്ഷത്തിലേറെവരുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. സുരക്ഷാവിഭാഗത്തില്‍ ഉത്തര റെയില്‍വെയിലാണ് ഏറ്റവുമധികം ഒഴിവുള്ളത്. ഇത് മാത്രം14,442 എണ്ണം വരും. പൂര്വ്വമധ്യമേഖലയില് 10,034 ഒഴിവുകളും കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വെയില്‍ 3,682 ഒഴിവുകളുമുണ്ട്. സുരക്ഷാ ഇതര വിഭാഗത്തില്‍ 12,489 ഒഴിവുകളുള്ള പൂര്വ്വമേഖലയാണ് മുന്നില്‍. 11,668 ഒഴിവുകളാണ് മധ്യമേഖലയില്‍. ദക്ഷിണ റെയില്‍വെയില്‍ 6,551 ഒഴിവുകളുണ്ട്.
സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിരംതസ്തികകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ റെയില്‍വെ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 16 റെയില്‍വേ മേഖലകളിലുമായി 11,040 തസ്തികകള്‍ ഇല്ലാതായി. കേരളത്തില്‍മാത്രം അഞ്ഞൂറിലധികം സ്ഥിരംതസ്തികകളാണ് ഇല്ലാതെയായത്.
സോണല്‍ ഓഫീസര്‍മാരാണ് ഏതൊക്കെ തസ്തികകള്‍ റദ്ദാക്കണമെന്ന് തീരുമാനിക്കുന്നത്. ഓരോ ഡിവിഷനിലും ഇല്ലാതാക്കുന്ന തസ്തികകള്‍ ലാഭമായിട്ടാണ് റെയില്‍വെ ബോര്‍ഡ് പരിഗണിക്കുന്നത്. ഇതിലൂടെ ലാഭിക്കുന്ന ശമ്പളമുള്‍പ്പെടെയുള്ള ചെലവുകളുടെ 25 ശതമാനം റെയില്‍വെ ബോര്‍ഡിന് ലഭിക്കും.