പഞ്ചാബ്: അമൃത്സര്‍ നഗരത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ വിശദീകരണവുമായി ലോക്കോപൈലറ്റ് രംഗത്ത്. അപകടം ഉണ്ടായതിന്റെ തൊട്ടടുത്ത നിമിഷം തന്നെ അടുത്ത റെയില്‍വെ സ്റ്റേഷനിലേയ്ക്ക് വിവരം കൈമാറിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. രണ്ട് ട്രെയിനുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറിയെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് വിശദീകരണം.
ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയില്‍ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. അമൃത്സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7 മണിക്ക് പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ശേഷം ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവച്ചതായും ലോക്കോപൈലറ്റ് വെളിപ്പെടുത്തി.
ആഘോഷത്തോട് അനുബന്ധിച്ച് രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങ് റെയില്‍വെ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിനിടെയാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു.