മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതി നീരവ് മോദിയുടെ ഭാര്യയെയും പ്രതി ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ ബാങ്കുകളില്‍ നിന്നായി കടമെടുത്ത തുകയില്‍ 226 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ നീരവ്, ഭാര്യയുടെ പേരില്‍ വാങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കേസില്‍ ഭാര്യയുടെ പേരും ഉള്‍പ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
ലണ്ടനിലെ ചാരിറ്റബിള്‍ ട്രസ്റ്റായ ഈത്തകയുടെ പേരിലാണ് ഫ്ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ഭാര്യ ആമിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫ്ളാറ്റുകള്‍ വാങ്ങിക്കുന്നതിനായി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍ സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും സെന്‍ട്രല്‍ പാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയിലേക്ക് 190 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ദമ്പതികളുമായി നേരിട്ട് ബന്ധമുള്ള ഈ കമ്പനിയാണ് ഫ്ളാറ്റുകളില്‍ ഒരെണ്ണം വാങ്ങിയിരിക്കുന്നത്.
രണ്ടാമത്തെ ഫ്ളാറ്റ് വാങ്ങിക്കുന്നതിനായി ബാക്കി തുക നീരവിന്റെ സഹോദരി പൂര്‍വി മോദിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് പൂര്‍വി ഈത്തക ട്രസ്റ്റിന്റെ അക്കൌണ്ടിലേക്ക് പണം കൈമാറുകയും ട്രസ്റ്റിന്റെ പേരില്‍ രണ്ടാമത്തെ ഫ്ലാറ്റ് വാങ്ങുക്കുയും ചെയ്തു. 2018 -ലാണ് ഫ്ലാറ്റുകള്‍ ഈത്തക ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റുന്നത്.