മുംബൈ: ക്രിമിനല്‍ കുറ്റത്തിന് രാജ്യത്ത് തികച്ചും വ്യത്യസ്തമായ ശിക്ഷ. തോക്കുചൂണ്ടി ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കള്‍ക്ക് മുംബൈ ഹൈക്കോടതിയാണ് രണ്ട് മാസം സാമൂഹ്യസേവനം നടത്തണമെന്ന വ്യത്യസ്തമായ ശിക്ഷ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 നാണ് കേസിനാസ്പദമായ സംഭവം. അംഗത് സിങ്(22), കുന്വാര്സിങ് സേതി(25) എന്നിവര്‍ അടഞ്ഞുകിടന്ന ഹോട്ടല്‍ തുറന്ന് ഭക്ഷണം നല്‍കണമെന്ന് ഹോട്ടലുടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമ
ബന്ദ്ര കുര്‍ല കോംപ്ലക്സ് പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കേസ് ഇന്നലെ ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് ഒത്തുതീര്‍ത്തെന്ന വിവരം പ്രതികളുടെ അഭിഭാഷകന് അശോക് മുന്ദാര്‍ഗി കോടതിയില്‍ പറഞ്ഞത്. പണം നല്കി കേസ് ഒത്തുതീര്‍ക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മാതാപിതാക്കളുടെ പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ ഇനിയും കുറ്റം ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. ഇതോടെയാണ് സാമൂഹ്യസേവനം ചെയ്തുകൊളളാമെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചത്.
ഈ ആവശ്യം കോടതി അംഗീകരിച്ചു. മുംബൈയിലെ അഭിഭാഷകന് അഫ്രോസ് ഖാന് നേതൃത്വം നല്കുന്ന സബര്‍ബന്‍ വെര്‍സോവ ബീച്ച് ക്ലീനിങ് പ്രൊജക്ടിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് കോടതി നിര്‍ദേശിച്ചത്. ഒരു മാസം എല്ലാ വാരാന്ത്യങ്ങളില്‍ ഇരുവരും ഈ പ്രവര്‍ത്തി ചെയ്യണം. ഇതിന് പുറമെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ഓരോ ആളും 20000 രൂപ വീതം സംഭാവന നല്‍കാനും കോടതി ആവശ്യപ്പെട്ടു.