ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ മരണങ്ങളുടെ കണക്ക് പുറത്ത്. 2017ല്‍ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷം നിരവധി പേരാണ് ഇത്തരത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
2017 മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ 1,500 ഓളം പോലീസ് ഏറ്റുമുട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ 66 ക്രിമിനലുകള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയും ചെയ്തുു. 700 ഓളം ക്രിമിനലുകള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം അനുസരിച്ച് നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും 500 ഓളം ജനങ്ങള്‍ക്ക് പരിക്കേറ്റതായും സൂചിപ്പിക്കുന്നു.
2018 മെയ് മാസത്തിലാണ 50ാമത്തെ ഏറ്റുമുട്ടല്‍ നടന്നത് . തലയ്ക്ക് 50,000 രൂപ വിലയിട്ട ക്രിമിനലിനെയാണ് പോലീസ് വധിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ വച്ചാണ് പോലീസ് വെടി വെയ്പില്‍ ഇയാള്‍ കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രിമിനലുകളെ കൈകാര്യം ചെയ്യാന്‍ യോഗി ആദിത്യനാഥ് പൂര്‍ണ സ്വാതന്ത്ര്യം പോലീസിന് നല്‍കിയിരുന്നു.
ക്രിമിനലുകളോട് കീഴടങ്ങുകയോ സംസ്ഥാനം വിടുകയോ ചെയ്യാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിമിനലുകളെ തുടച്ചുനീക്കുന്നതിനായി ‘ഓപ്പറേഷന് ക്ലീന്‍’ എന്ന പേരില്‍ ഒരു പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. 2017 മാര്‍ച്ചിനും 2018 ജനുവരിക്കും ഇടയില്‍ 1,142 പോലീസ് ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പുറത്തുവിട്ട കണക്കുകള്‍. മാര്‍ച്ചിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത്.