ചെന്നൈ: നാടിനെ നടുക്കിയ കൊലപാതകമാണ് കഴിഞ്ഞ ദിവസം തമിഴ്നാട് കുണ്ട്രത്തൂരില് നടത്തിയത്. പ്രണയിച്ചവനൊപ്പം പോകുവാന്‍ വേണ്ടി നൊന്തു പ്രസവിച്ച മക്കളെ ക്രൂരമായി ഉപദ്രവിച്ചതിനു പുറമെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും ചെയ്ത അഭിരാമിയെ ജനത മറക്കാന്‍ ഇടയില്ല. ചലച്ചിത്ര രംഗങ്ങളെ വെല്ലുന്ന പദ്ധതിയാണ് രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാന്‍ അഭിരാമി ചെയ്തു കൂട്ടിയത്.
വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന് സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും അഭിരാമി കൊലപ്പെടുത്തിയത്. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് ഭര്‍ത്താവ് വിജയ്കുമാര്‍ മരണമുഖത്തു നിന്നും കരകയറിയത്. രാത്രിയിലെ ജന്മദിനാഘോഷങ്ങള് കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഉറങ്ങിക്കിടക്കുന്ന മകളെ നോക്കിയ നിമിഷം ഭര്‍ത്താവിനെ അഭിരാമി ഓടിവന്ന് കെട്ടിപ്പിടിച്ചും സ്നേഹപ്രകടനം കാഴ്ചവെച്ചു. അത് താന്‍ തിരിച്ചറിഞ്ഞില്ലെന്നും, പൊന്നു മോള് മരണത്തോട് മല്ലടിയ്ക്കുകയായിരുന്നുവെന്നും അറിഞ്ഞിരുന്നില്ലെന്നും വിജയ്കുമാര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തി നല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി വീട് വിട്ടു. പിന്നീട് കാമുകന്റെ സഹായത്തോടെ കേരളത്തിലെത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ ഇവരുടെ പദ്ധതികള്‍ പൊളിയുകയായിരുന്നു.