അമൃത്സര്‍: കടംവാങ്ങി ലോട്ടറിയെടുത്ത തൊഴിലാളിയ്ക്ക് അടിച്ചത് ഒന്നര കോടി രൂപയുടെ രാഖി ബമ്പര്‍. ലോട്ടറി അടിച്ചതിന്റെ അമ്പരപ്പില്‍ നിന്നും ഇതുവരെ തൊഴിലാളിയായ മനോജ് കുമാര്‍ കരകയറിയട്ടില്ല. പഞ്ചാബ് സ്റ്റേറ്റ് ലോറട്ടിയുടെ രാഖി ബമ്പറിന്റെ ഒന്നാം സമ്മാനമാണ് മനോജിനെ തേടിയെത്തിയത്.
പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലയിലെ മാന്ദ്വി ഗ്രാമത്തില്‍ താമസിക്കുന്ന മനോജ് കടം വാങ്ങിയ 200 രൂപ കൊടുത്താണ് രാഖി ബമ്പര്‍ എടുത്തത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്നപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളില്‍ ഒന്ന് മനോജ് എടുത്തതായിരുന്നു. ലുധിയാനയിലാണ് നറുക്കെടുപ്പ് നടന്നത്.
ഇന്നലെ പഞ്ചാബിലെ ലോട്ടറി ഡയറക്ടറിനെ കണ്ട് തന്റെ ലോട്ടറി മനോജ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം സമ്മാനത്തുക നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തന്റെ സ്വപ്നങ്ങളില്‍ പോലും ഇത്രയും വലിയ തുക തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് മനോജ് പറഞ്ഞു. തന്റെ കുടുംബം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.