ന്യൂഡല്‍ഹി: ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രയില്‍ തീരുമാനം പിന്നീടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനുമായി മന്ത്രിമാര്‍ വിദേശ സന്ദര്ശനത്തിനൊരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. ദുരിതാശ്വാസത്തിനുള്ള പണം വിദേശ സന്ദര്‍ശനത്തില്‍ നിന്ന് സ്വരൂപിക്കാനായിരുന്നു മന്ത്രിമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടുതട്ടിലായിരുന്നു. തുടര്‍ന്ന് യുഎഇയുടെയും ഐക്യരാഷ്ട്രസഭയുടെയും അടക്കമുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
നേരത്തെ ഇന്ത്യ ആവശ്യപ്പെടുന്ന പക്ഷം എന്ത് സഹായവും നല്കാന് തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും പങ്കുചേരാമെന്നായിരുന്നു ഐക്യരാഷ്ട്ര സഭ അറിയിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കണമോ വേണ്ടയോ എന്നത് കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു.
നയപരമായ ഇത്തരം കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. മഹാപ്രളയത്തില്‍ വിദേശസഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.