പണത്തോടുള്ള മോഹം കൊണ്ടാണോ എന്നറിയില്ല നടനില്‍ നിന്ന് മോഹന്‍ലാല്‍ നിര്മ്മാതാവായെന്ന് നടന് ശ്രീനിവാസന്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ കുറിച്ചുള്ള സിനിമാ അനുഭവങ്ങള്‍ ഒരു ടിവി ചാനലുമായുളള അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു താരം.
മോഹന്‍ലാല്‍ നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചതിനെ കുറിച്ചുള്ള അനുഭവമാണ് ശ്രീനിവാസന് പങ്കുവെച്ചത്. നടനില്‍ നിന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ എന്ന് തനിക്കറിയില്ലെന്നും ചിലപ്പോള്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന മോഹം കൊണ്ടു തന്നെയായിരിക്കാം ലാല്‍ നിര്‍മ്മാതാവായതെന്നും ശ്രീനിവാസന് പറഞ്ഞു. എന്നാല്‍ സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തില്‍ അദ്ദേഹത്തിന് നഷ്ടമായതെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയെന്നും അങ്ങനെ താനും ഒരു നിര്‍മാതാവായി മാറിയെന്നും ശ്രീനിവാസന് പറയുന്നു. ചിദംബരം സിനിമയില്‍ അഭിനയിച്ചതിന് കിട്ടിയ കാശാണ് ആദ്യം നിര്‍മാതാവ് ആവാന്‍ തീരുമാനിച്ചപ്പോള്‍ ചിലവഴിച്ചതെന്നും ശ്രീനിവാസന് പറഞ്ഞു.