മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രം കൊണ്ടും മേക്കിങ് കൊണ്ടും മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു ബിഗ് ബി. അതുകൊണ്ട് തന്നെ ബിലാലും സംഘവും വീണ്ടുമെത്തുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
കാത്തിരിപ്പിന് ആക്കംകൂട്ടാന്‍ ബിലാലിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഈയ്യടുത്ത് ബിലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയായിരുന്നു ബോളിവുഡ് താരം ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രമാണ് ബിലാല്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തീര്‍ത്ത് പറയുന്നു.
ഈ മാര്‍ച്ചിലായിരുന്നു ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്നത്. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും വില്ലനായി എത്തിയതോടെ ചിത്രീകരണം നീട്ടിവെയ്ക്കുകയായിരുന്നു. ഉണ്ണി ആര് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്.
ബിലാലിന്റെ രണ്ടാം വരവില്‍ ഒപ്പം ദുല്‍ഖര്‍ സല്മാന് ഉണ്ടാകുമെന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ചിത്രത്തില്‍ അബു ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.