നടി നസ്രിയയുടെ ജന്മദിനമാണ് ഇന്ന്. സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അതില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ് സുകുമാരന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും ആശംസകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നസ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ജന്മദിനാശംസകള് അനിയത്തി എന്നാണ് പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കുഞ്ഞനിയത്തിയായാണ് നസ്രിയയെ കാണുന്നതെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിട്ടുണ്ട്. കൂടെ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് പൃഥ്വിരാജും നസ്രിയയും അടുത്ത് പരിചയപ്പെട്ടത്. സിനിമാ മേഖലയില്‍ ഒപ്പമഭിനയിച്ച പല താരങ്ങളുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് നസ്രിയ.
ദുല്‍ഖറും നസ്രിയയും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ..
‘മറ്റൊരു അച്ഛന്റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്മയകരമായ ഒരു പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം.’ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയ. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അണ്ടെ സുന്ദരാനികി’ എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്ം നിര്‍മ്മിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രത്തില്‍ നാനിയാണ് നായകന്.
സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. മലയാളത്തില്‍ നസ്രിയയുടെ അവസാനത്തെ മുഴുനീള റോള്‍ അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സി’ല്‍ ആയിരുന്നു. ദുല്‍ഖര്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകനി’ല്‍ അതിഥിതാരമായും നസ്രിയ എത്തിയിരുന്നു.