ചെന്നൈ: കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു തെന്നിന്ത്യന്‍ താര റാണി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈ മഹാബലിപുരത്തെ ഹോട്ടലില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. താരവിവാഹത്തോടനബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ ശരവണന്.
വിവാഹ വേദിക്ക് സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫയലില്‍ സ്വീകരിച്ചു. വിവാഹത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ശരവണന് പരാതിയില്‍ പറയുന്നു.
also read: ചോര്‍ന്നൊലിക്കുന്ന വാടകവീട്, കഷ്ടപ്പാടുകള്‍ സഹിച്ച് പഠനം, അതിഥി തൊഴിലാളിയുടെ മകന് ഫുള്‍ എ പ്ലസ്
വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്നെന്നും ഹോട്ടലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ വേദിക്ക് പിന്നിലായി ഉണ്ടായിരുന്ന പൊതു സ്ഥലമായ ബീച്ചിലേക്കു പോലും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.
പരാതി ഫയലില്‍ സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉടന്‍ വാദം കേള്‍ക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.