മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരം പാര്‍വ്വതി ജയറാമിന്റെ റാംപ്വാക്ക് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയിലാണ് മലയാളികളുടെ പ്രിയനടിമാരിലൊരാളായ പാര്‍വതി ജയറാം റാംപില്‍ ചുവടുവച്ചത്.
കനകക്കുന്നില്‍ നടക്കുന്ന എക്സ്പോയുടെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. പാര്‍വതിക്കൊപ്പം മകള്‍ മാളവികയും ഷോയുടെ ഭാഗമായിരുന്നു. ഭാര്യയും മകളും റാംപില്‍ തിളങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് ജയറാമും രംഗത്തെത്തിയതോടെ ചിത്രങ്ങള്‍ക്ക് മാറ്റുകൂടി.
എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ജയറാം ചിത്രങ്ങള്‍ പങ്കുവച്ചത്. ഹാന്‍ഡ്ലൂം കസവ് സാരി ധരിച്ചാണ് പാര്‍വതി റാംപിലെത്തിയത്. കയ്യടികളോടെയാണ് സദസ് പാര്‍വതിയെ വരവേറ്റത്.
ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250ലധികം മോഡലുകള്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പില്‍ അണിനിരന്നു.