കൊല്ലം: കൊട്ടാരക്കരയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങളും ഇറച്ചിയും കണ്ടെത്തി. കച്ചേരി ജംക്ഷന്, ചന്തമുക്ക്, പുലമണ്‍ ജംക്ഷന് മുതല്‍ സദാനന്ദപുരം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.
ഹോട്ടലുകള്‍, മത്സ്യച്ചന്ത, ഫിഷ് സ്റ്റാള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഹോട്ടലുകളിലെ വൃത്തിഹീനമായ അടുക്കളകള്‍, പഴകിയ മത്സ്യങ്ങള്‍, ഇറച്ചി എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
also read: വിവാഹച്ചടങ്ങുകള്‍ക്കിടെ കറന്റ് പോയി : സഹോദരിമാരെ മാറി വിവാഹം ചെയ്ത് വരന്മാര്
ഭക്ഷ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവ ഇല്ലാത്ത ഹോട്ടലുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്കി. 44 സ്ഥാപനങ്ങളിലാണ് ആകെ പരിശോധന നടന്നത്. 12 ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും 6 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കുകയും 4 സ്ഥാപനങ്ങള്‍ക്കു പിഴ ഈടാക്കുകയും ചെയ്തു.
കൊട്ടാരക്കര മത്സ്യച്ചന്തയില്‍ നിന്നു പഴകി പുഴുവെടുത്ത 15 കിലോ ഉണക്കമത്സ്യങ്ങളും, 47 കിലോ ഇറച്ചിയും പുത്തൂര്‍ റോഡില്‍ പാലത്തിനു സമീപം സ്വകാര്യ മത്സ്യ സ്റ്റാളില്‍ നിന്നു പഴകിയ 50 കിലോ മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാത്ത 9 സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. പാല്, വെളിച്ചെണ്ണ, വെള്ളം എന്നിവയുടെ പരിശോധനയ്ക്കായി സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എസ് അജി പറഞ്ഞു.
ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ചിത്ര മുരളി, അനീഷ്, ഹരികൃഷ്ണന്, എസ്എസ് അഞ്ജു, എസ് മാനസ, ജഗദീഷ് ചന്ദ്രന്, ലക്ഷ്മി പി.നായര്‍, നിഷിരാജ്, സുബി, യുശീല് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.