കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പരാതിക്കാരിയായ നടിയോടൊപ്പം ഇയാള്‍ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും ഇയാള്‍ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇവ. പരാതിക്കാരി പീഡനം നടന്നു എന്ന് പറയുന്ന സ്ഥലങ്ങളില്‍ വിജയ് ബാബു പരാതിക്കാരിയുമായി എത്തിയിരുന്നു എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
also read: നടുറോഡില്‍ വിരണ്ടോടി മൂന്ന് കുതിരകള്‍, ബൈക്കുമായി കൂട്ടിയിടിച്ച് അപകടം
നടി പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു. ഇയാളെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇയാള്‍ വിദേശത്താണെന്നാണ് പോലീസ് നിഗമനം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ പിടികൂടാനാണ് നീക്കം.
വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.