മലയാളികളുടേത് മാത്രമല്ല സൗത്ത് ഇന്ത്യയുടെയും പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തന്റേതായ ശബ്ദശൈലി കൊണ്ട് കയ്യടി നേടിയ ഗായികയ്ക്ക് കാഴ്ച്ച കിട്ടുന്നതിനു വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും കുടുംബവും. ഗായകന് എം.ജി ശ്രീകുമാര്‍ അവതാരകനായ ഒരു ചാനല്‍ പരിപാടിക്കിടെയാണ് തന്റെ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിജയലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തുന്നത്.
കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു എന്നും അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഗായികയുടെ അച്ഛനാണ് മറുപടി നല്‍കിയത്. ‘അമേരിക്കയില്‍ പോയി ഡോക്ടറെ കാണിച്ചു” എന്ന് അദ്ദേഹം പറഞ്ഞു.
”അവിടുന്നുള്ള മരുന്നാണ് ഇപ്പോള്‍ കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിന്റെയും കുഴപ്പമാണെന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അതിപ്പോള്‍ മാറ്റിവെക്കാം, ഇസ്രയേലില്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. ആര്‍ടിഫിഷ്യല്‍ റെറ്റിന. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും വിജയലക്ഷ്മിയുടെ അച്ഛന് പ്രതികരിച്ചു.
വെളിച്ചമൊക്കെ ഇപ്പോള്‍ കാണാനാവുന്നുണ്ടെന്ന് പറയുന്നു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്മാരെയും എന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.