മലയാളത്തിന്റെ സൂപ്പര്‍താരം പൃഥ്വിരാജിനെ വാനോളം പുകഴ്ത്തി നടന് ഉണ്ണി മുകുന്ദന്. പൃഥ്വി ഏറ്റവും പോസിറ്റീവും സഹായമനസ്കനുമാണെന്നാണ് ഉണ്ണി മുകുന്ദന്റെ അഭിപ്രായം. പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലാണ് താരം ഇങ്ങനെ കുറിച്ചിരിക്കുന്നത്.
ഇരുവരും ഒന്നിക്കുന്ന ഭ്രമം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഭ്രമം സിനിമയില്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് നടന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഏറ്റവും പോസിറ്റീവും സഹായിക്കാന്‍ മനസുള്ളയാളുമാണ് പൃഥ്വിരാജെന്നും, ഇപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദന് പോസ്റ്റില്‍ കുറിച്ചു.
പൃഥ്വിരാജിനൊപ്പമുള്ള പഴയ ഓര്‍മ്മയും ഉണ്ണി മുകുന്ദന് പങ്കുവെച്ചിട്ടുണ്ട്.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അഭിനയം ആരംഭിക്കുന്ന സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങള്‍ ഒരു ചെറിയ ഒത്തുചേരല്‍ നടത്തിയിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അന്ന് അവിടെ എത്തിയത്. രാത്രി വൈകി എല്ലാവരും തിരിച്ചു പോകുമ്പോള്‍, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ഡ്രൈവ് വാഗ്ദാനം ചെയ്തത്. ആ ജെന്റില്‍മാന്റെ വാഗ്ദാനം ഞാന്‍ സന്തോഷപൂര്‍വ്വം നിരസിക്കുകയാണ് അന്ന് ചെയ്തത്, പക്ഷേ അന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്, ഏറ്റവും പോസിറ്റീവും സഹായമനസ്കനും. അവസാനം നിങ്ങളുമായി സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നതില്‍ ഞാന്‍ അതിയായ സന്തോഷവാനാണ്.’
എന്ന് ഉണ്ണി മുകുന്ദന് കുറിച്ചു.
പൃഥ്വിരാജിനൊപ്പമുള്ള തന്റെ ആദ്യത്തെ ഫോട്ടോയാണ് ഇതെന്നും താരം പറയുന്നു. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ ചന്ദ്രനാണ് ഭ്രമം ഒരുക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.