ഇന്ത്യന്‍ സിനിമയില്‍ എടുത്ത്പറയത്തക്ക അടയാളങ്ങളൊന്നുമില്ലാത്ത കന്നഡ സിനിമയില്‍ നിന്നും മാറ്റത്തിന്റെ കൊടുങ്കാറ്റു വീശിയത് മെല്വിന് യാഷ് എന്ന നടന്റെ കടന്നുവരവാണ്. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറുകയാണ് മെല്വിന് യാഷ് എന്ന സൂപ്പര്‍ഹീറോ. നവീന്‍ കുമാര്‍ എന്ന ബസ് ഡ്രൈവറുടെ മകനില്‍ നിന്നും സൂപ്പര്‍ ഹീറോ മെല്വിന് യാഷിലേക്കുള്ള ജീവിതയാത്ര ഇതാ ആരാധകര്‍ക്കായി…..
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് യാഷ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകള്‍ വെളിപ്പെടുത്തിയത്. നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടില്‍ നിന്ന് ഒളിച്ചോടി പോയ ഒരു ചരിത്രം ഉണ്ട് താരത്തിന്. ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നവീന്‍ കുമാര്‍ എന്നായിരുന്നു യാഷിന്റെ യഥാര്‍ത്ഥ പേര്. വീട്ടമ്മയായിരുന്നു അമ്മ. അവര്‍ക്ക് ചെറിയ ഒരു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കി നടത്തിയിരുന്നത് യാഷ് ആയിരുന്നു.
ചെറുതായിരുന്നപ്പോള്‍ മുതല്‍ ഒരു ഹീറോയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ‘എന്റെ അധ്യാപകര്‍ വരെ എന്നെ ഹീറോയെന്ന് വിളിച്ചു. എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്. എന്റെ സ്വപ്നങ്ങളിലാണ് ഞാന്‍ ഇതുവരെ നടന്നതും. എന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യില്‍ അന്ന് ഉണ്ടായിരുന്നത്’
‘ബഗംളുരുവില് എത്തിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു നഗരം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോല്ക്കാന് ഞാന്‍ ഒരുക്കമായിരുന്നില്ല. ഞാന്‍ ആത്മവിശ്വാസം ഉളള ആളാണ് അന്നും ഇന്നും. ലോകം ഒരിക്കല്‍ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാല്‍ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു’.
എന്ന് യാഷ് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
അതേസമയം, ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കെജിഎഫ് 2വിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. യഷിന്റെ പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.15 മണിക്കൂര്‍ കൊണ്ട് രണ്ടരക്കോടി പേര് കണ്ടു കഴിഞ്ഞു. കോലാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രം ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് എത്തുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്.