മലയാളസിനിമയിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് അര്ജ്ജുന് അശോകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്ജുന് തന്റെ സിനിമകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുടുംബസമേതമുള്ള ഒരു ഫോട്ടോയാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്.
അര്‍ജ്ജുനും ഭാര്യ നിഖിതയും നീല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞുകൊണ്ട് കുഞ്ഞുമായി നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സൈബറിടത്തില്‍ വൈറലാകുന്നത്. കുര്‍ത്ത അണിഞ്ഞ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന അര്‍ജ്ജുനാണ് കുഞ്ഞിനെ കൈയ്യിലെടുത്തിരിക്കുന്നത്.
അടുത്തിടെയാണ് അര്ജ്ജുന് അശോകന് കുഞ്ഞ് ജനിച്ചത്. അര്ജ്ജുന് തന്നെയായിരുന്നു ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനെ കൈയ്യിലെടുത്തു കൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അര്ജ്ജുന് തന്റെ ജീവിതത്തിന്റെ പുതിയ സന്തോഷം ഷെയര്‍ ചെയ്തത്.
‘ഞങ്ങളുടെ കുഞ്ഞു രാജകുമാരി ഇങ്ങെത്തി, അച്ഛന്റെ പെണ്ണും അമ്മയുടെ ലോകവുമാണ്’ എന്നായിരുന്നു അര്ജ്ജുന് ഇക്കാര്യം അറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.
മലയാളത്തിലെ പ്രമുഖരായ താരപുത്രന്‍മാരിലൊരാളായ അര്ജ്ജുന് അശോകന് നടന് ഹരിശ്രീ അശോകന്റെ മകനാണ്. വിവാഹ ശേഷമാണ് അര്ജ്ജുന് അശോകന് സിനിമയില്‍ വളരെ സജീവമായി മാറിയത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു അര്ജ്ജുന് നിഖിത ഗണേശനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയാണ് നിഖിത ഗണേശന്.
നടന് സൌബിന്‍ ഷാഹിര്‍ യുവനടന് ദുല്‍ഖര്‍ സല്‍മാനെ അതിഥി താരമാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അര്ജ്ജുന് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. തുടര്‍ന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും അര്ജ്ജുന് അശോകന് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.