മലപ്പുറം: മദ്രസ്സകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നാണ് ഇയാളെ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പുതുപൊന്നാനി മസാലിഹുല്‍ ഇസ്ലാം സംഘം ഓഫിസിന്റെ വാതില്‍ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഷംസാദ് പിടിയിലായത്.
തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസില്‍ ഇയാളെ ഡിണ്ടിഗല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് പൊലീസുമായി പൊന്നാനി സി.ഐ ബന്ധപ്പെട്ടാണ് ഇയാളെ പൊന്നാനിയിലെത്തിച്ചത്. മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.