ദോഹ: ജന്മദിനത്തില് സ്കൂള്‍ ബസിനുളളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് – സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സ (4) ആണ് മരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നാലുവയസ്സുകാരിയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. അല്‍ വഖ്റയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ഡണിലെ കെജി 1 വിദ്യാര്‍ത്ഥിനിയാണ് മിന്‍സ. കഴിഞ്ഞ ദിവസമായിരുന്നു മിന്‍സയുടെ പിറന്നാള്‍.
സന്തോഷത്തോടെയാണ് മിന്‍സ രാവിലെ സ്കൂളിലേക്ക് പോയത്. തിരിച്ചുവരുമ്പോള്‍ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോവുകയായിരുന്നു. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു.
also read: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, പുറം കാഴ്ച കാണുകയായിരുന്ന 12കാരിയുടെ തലയ്ക്ക് പരുക്ക്
ബസിനുളളിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ബസ് എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാണുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം മിന്‍സയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും.