കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ജനലിന് അടുത്തിരുന്ന് പുറം കാഴ്ച കാണുകയായിരുന്ന 12കാരിക്ക് പരുക്ക്. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് പരുക്കേറ്റത്.
കുടുംബത്തോടൊപ്പം മംഗളൂരു തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സംഭവം. മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കോട്ടയത്തേക്ക് മടങ്ങവെ താഴെചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്.
also read: മരങ്ങള്‍ കടപുഴകി, നിരവധി വീടുകള്‍ക്ക് നാശനഷ്ടം, ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മിന്നല്‍ച്ചുഴലി
പുറംകാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ കുട്ടി കരയുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തലപൊട്ടി ചോരവരുന്നതായി കണ്ടത്. ഉടനെതന്നെ റെയില്‍വേ ജീവനക്കാരെത്തുകയും ട്രെയില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ ട്രെയിനിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുട്ടിയുടെ തലയില്‍ മരുന്നുവച്ച്കെട്ടി.
തലശ്ശേരിയിലെത്തിയപ്പോള്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കുട്ടിയെ മിഷന് ആശുപത്രിയില്‍ എത്തിച്ചു. ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവം പതിവായിരിക്കുകയാണ്. നേരത്തെ ഉള്ളാള്‍ സ്റ്റേഷന് സമീപം ട്രെയിനിന് കല്ലെറിഞ്ഞ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയിയിരുന്നു.