തിരുവനന്തപുരം; രണ്ടാംക്ലാസ്സുകാരന് പറഞ്ഞ പരാതി ഗൗരവമായി എടുത്ത് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. സ്കൂളു കഴിഞ്ഞു വന്നു തനിക്കു പാര്‍ക്കില്‍ കളിക്കാന്‍ പറ്റാത്തതിന്റെ വിഷമം പരാതിയായി പറഞ്ഞ വ്യാസ് മോനാണ് മേയര്‍ ആശ്വാസമേകിയത്.
കവടിയാര്‍ പാര്‍ക്ക് പൊളിച്ചിട്ടിരിക്കുന്നതിനാലാണ് കളിക്കാന്‍ സ്ഥലമില്ലാതെ ആയിപ്പോയത്. ഈ വിഷമത്തില്‍ വാട്സ്ആപ്പ് എടുത്ത് വ്യാസ് മേയരോടു തന്നെ പരാതി പറയുകയായിരുന്നു. കവടിയാര്‍ പാര്‍ക്ക് പൊളിച്ചു കിടക്കുന്നതിനാല്‍ കളിക്കാന്‍ പറ്റുന്നില്ലെന്നും ആക്കുളത്തെ പാര്‍ക്കുപോലെ ആക്കിതരുമോ എന്നുമാണ് വ്യാസ് ചോദിച്ചത്.
Also Read: സ്കൂളിലേക്ക് പോകുന്നതിനിടെ തെങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണു, വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
ഇത് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ മേയര്‍ നേരിട്ട് നടപടി സ്വീകരിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ മേയര്‍ തന്നെ നേരിട്ടു ചെന്ന് കവടിയാര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. വ്യാസിന് മറുപടിയും അയച്ചു. ഒന്നര മാസത്തിനുള്ളില്‍ പാര്‍ക്ക് ശരിയാകുമെന്നാണ് മേയര്‍ ഉറപ്പു നല്‍കിയത്.
അന്ന് വ്യാസിനെ താന്‍ തന്നെ പാര്‍ക്കില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. ആളുകളുടെ പരാതികള്‍ നേരിട്ട് കേട്ടും മനസ്സിലാക്കിയും പരിഹരിക്കാനുള്ള വാട്സ്ആപ്പ് സംവിധാനം കൊണ്ടുവന്നതിന് പിന്നാലെയാണ് ഇത്തരം മെസേജുകള്‍ മേയറിന് ലഭിക്കുന്നത്.
ആര്യ രാജേന്ദ്രന്റെ കുറിപ്പ്
വ്യാസ് മോന്റെ സങ്കടം പരിഹരിക്കും കേട്ടോ. വിഷമിക്കണ്ട നന്നായി പഠിക്കണെ…ഇന്ന് നല്ല തിരക്കായിരുന്നു.രാത്രി ഓഫീസിലെത്തിയാണ് വാട്ട്സ് ആപ്പിലൂടെ വന്ന പരാതികള്‍ കേട്ടത്. സങ്കടവും സന്തോഷവും തോന്നിയതായിരുന്നു രണ്ടാം ക്ലാസുകാരന്റെ വ്യാസിന്റെ പരാതി.സ്കൂള്‍ കഴിഞ്ഞ് തിരികെ വരുമ്പോള്‍ താന്‍ കളിക്കുന്ന പാര്‍ക്കായിരുന്നു അവന്റെ സങ്കടം.
വച്ച് താമസിക്കുന്നത് ശരിയല്ലെന്ന് കരുതി രാത്രി തന്നെ കോണ്‍ട്രാക്ടറെ വിളിച്ചു വരുത്തി കവടിയാറിലെ സ്ഥലം സന്ദര്‍ശിച്ചു. ചില ചെറിയ തടസങ്ങള്‍ ഒഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളില്ല.ഒന്നര മാസത്തിനകം പാര്‍ക്ക് പൂര്‍ത്തികരിച്ച് വ്യാസിനും കൂട്ടുകാര്‍ക്കും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.