പമ്പ: ശബരിമലയില്‍ കര്‍ശന നിയന്ത്രണം. മൂന്നുമണിക്ക് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടില്ല. നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചത്.
ആറുമണിക്ക് മുമ്പായി സന്നിധാനത്തുള്ള ഭക്തര്‍ തിരിച്ചു മലയിറങ്ങണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭക്തര്‍ക്ക് പമ്പാ സ്നാനത്തിന് അനുവാദമില്ല. പരമ്പരാഗത പാതയായ നീലിമല വഴി ഭക്തര്‍ പ്രവേശിക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്.
also read: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
ഭക്തരെ സ്വാമി അയ്യപ്പന് റോഡ് വഴി മാത്രമാണ് കടത്തിവിടുന്നത്. മണ്ണിടിച്ചിലും മരം വീഴാനുള്ള സാധ്യതയും കണക്കിലെടുത്ത് വിവിധയിടങ്ങളില്‍ അഗ്നിശമനസേനയെയും പൊലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.അതേസമയം റാന്നിയില്‍ വെള്ളപ്പൊക്കത്തിന്റെ അവസ്ഥ ഇല്ലെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പമ്പാ നദി ആശങ്കയുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല.