അറാറിയ: മകൾക്ക് യൂണിഫോം വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് സ്കൂളിലെത്തി വടിവാൾ വീശി രക്ഷിതാവിന്റെ ഭീഷണി. അധ്യാപകർക്കുനേരേയാണ് വിദ്യാർത്ഥിനിയുടെ പിതാവ് ഭീഷണി മുഴക്കിയത്. വാളുമായി ക്ലാസ് മുറിയിലെത്തിയാണ് കുട്ടിയുടെ പിതാവായ അക്ബർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.
ബിഹാറിലെ അറാറിയ ജില്ലയിലുള്ള ഭഗ്വാൻപുർ പഞ്ചായത്തിലാണ് സംഭവം. ഇതിൻറെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 24 മണിക്കൂറിനകം മകൾക്ക് യൂണിഫോമിനുള്ള പണം ലഭിച്ചില്ലെങ്കിൽ വടിവാളുമായി വീണ്ടും സ്കൂളിലെത്തുമെന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്. സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
also read- ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചു, അക്രമി കസ്റ്റഡിയില്‍
സ്കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെയാണ് രക്ഷിതാവെത്തിയത്. മകൾക്ക് യൂണിഫോം വാങ്ങാൻ പണം ലഭിക്കാതിരുന്നതോടെയാണ് ഇയാൾ വടിവാളുമായെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.