പത്തനംതിട്ട: വീടുകളില്‍ ഭിക്ഷതേടിയെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. സംസാരശേഷി ഇല്ലാത്തതായി അഭിനയിച്ച് ഭിക്ഷതേടിയെത്തി ഏനാദിമംഗലത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
നാട്ടുകാരുടെ യഥാസമയത്തെ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിക്കാനായി. ഇന്നലെ രാവിലെയോടെയാണ് സംഭവം. ഭിക്ഷ തേടി എത്തിയ നാടോടി സ്ത്രീ വീടിന്റെ സിറ്റൗട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനെ എടുത്ത് വേഗത്തില്‍ പായുകയായിരുന്നു.
also read: കാലവര്‍ഷ കാറ്റിനൊപ്പം ന്യുനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, ജാഗ്രത
സംഭവ സമയത്ത് കുഞ്ഞിന്റെ അമ്മ വീടിനുള്ളിലും അച്ഛന് വീടിനോടു ചേര്‍ന്നുള്ള വര്‍ക്ഷോപ്പിലുമായിരുന്നു.വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് പണിയായുധം എടുക്കുന്നതിനായി തിരിഞ്ഞപ്പോഴാണ് കുട്ടിയുമായി നാടോടി സ്ത്രീ ഓടുന്നത് കണ്ടത്.
ഉടന്‍ ബഹളമുണ്ടാക്കിയതോടെ അവര്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടി. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായപ്പോള്‍ ഊമയായി അഭിനയിച്ചെങ്കിലും സംസാര ശേഷിയുള്ളതായി തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.