ആലപ്പുഴ: പ്രളയത്തില്‍ രക്ഷിച്ച് ചേര്‍ത്തുപിടിച്ച മന്ത്രിയുടെ കൈപിടിച്ച് മിത്ര സ്കൂളിലേക്ക്. ആദ്യ സ്കൂള്‍ദിനത്തില്‍ മിത്രയെ അക്ഷരങ്ങളുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആയിരുന്നു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റെയും രഞ്ജിനിയുടെയും മകളാണ് മിത്ര.
2018ലെ പ്രളയ സമയത്ത് ഏഴു ദിവസം മാത്രമായിരുന്നു മിത്രയുടെ പ്രായം. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍, അന്ന് ആറന്മുള എംഎല്‍എ ആയിരുന്ന വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ ദിവസം ജില്ലാതല പ്രവേശനോത്സവത്തിന് പത്തനംതിട്ടയിലെ ആറന്മുള ഗവ. വിഎച്ച്എസ്എസില്‍ മന്ത്രിയെത്തിയപ്പോള്‍ ഇങ്ങനെയൊരതിഥി അവിടെയുണ്ടാകുമെന്ന് കരുതിയില്ല. മിത്രയെ കണ്ട ഉടന്‍ മന്ത്രി സ്നേഹപൂര്‍വ്വം അടുത്തു വിളിച്ച് വാരിയെടുത്തു.
മിത്രയെ കോവിഡ് സുരക്ഷയുടെ ആദ്യപാഠമായി മാസ്ക് കൃത്യമായി ധരിപ്പിച്ചു. ഇടയ്ക്ക് കുഞ്ഞിനെ കാണാന്‍ ജന്മദിനത്തിലും മറ്റും പല പ്രാവശ്യം വീട്ടില്‍ മന്ത്രി എത്തിയിരുന്നതിനാല്‍ കുഞ്ഞിനും പരിചയക്കുറവൊന്നുമുണ്ടായിരുന്നില്ല. മന്ത്രിയെ കണ്ടപ്പോള്‍ മിത്രയ്ക്കും സന്തോഷമായി. ഏറെ നേരം മന്ത്രിയോട് സംസാരിച്ചാണ് മിത്ര കൂട്ടുകാര്‍ക്കൊപ്പം ക്ലാസിലേക്ക് മടങ്ങിയത്.