തൃശ്ശൂര്‍: ഗേറ്റ് കീപ്പര്‍ കെ.ആര് അശ്വതിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ട്രെയിനപകടം. ബോഗികള്‍ വേര്‍പെട്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അശ്വതി ഉടനെ അസി. ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. മംഗള എക്സ്പ്രസിന്റെ ബോഗികളാണ് ഓട്ടത്തിനിടെ തൃശ്ശൂര്‍ നഗരത്തിനടുത്ത് വെച്ച് വേര്‍പെട്ടത്.
ട്രെയിനിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധമാണ് മുറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.47-ന് കോട്ടപ്പുറം റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന 12617 നമ്പര്‍ മംഗളയുടെ കോച്ചുകളാണ് വേര്‍പെട്ടത്.
എന്‍ജിനും തൊട്ടുപിന്നിലെ സിറ്റിങ് റിസര്‍വേഷന്‍ കോച്ചായ ഡി-3യും മറ്റു 22 ബോഗികളില്‍നിന്ന് വേര്‍പെട്ടത് റെയില്‍വേ ഗേറ്റിലെത്തിയപ്പോഴാണ്. പതിവുപോലെ ഗേറ്റടച്ച് അശ്വതി മംഗള എക്സ്പ്രസിന്റെ വരവും നോക്കി നില്‍ക്കുകയായിരുന്നു. ഗേറ്റിന്റെ നടുക്ക് എത്തിയപ്പോള്‍ ഒന്നാമത്തെ ബോഗിയില്‍നിന്ന് പിന്നിലുള്ള 22 ബോഗികളും വേര്‍പെടുന്ന കാഴ്ചയാണ് കണ്ടത്.
തന്റെ മുന്നിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അതിന്റെ മെക്കാനിക്കല്‍ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടോയെന്ന് ഒരു ഗേറ്റ് കീപ്പറുടെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരിക്കണം. അങ്ങനെയാണ് തീവണ്ടി രണ്ടാവുന്നത് അശ്വതി കണ്ടത്. പാളത്തിന്റെ വശത്തേക്ക് ഓടിയെത്തി നിര്‍ത്താതെ വിസിലടിച്ചുകൊണ്ട് കൈകള്‍ രണ്ടും മുകളിലേക്കും താഴേക്കും ചലിപ്പിച്ചു.
ഗേറ്റിലൂടെ ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജനലിലൂടെ ദൃഷ്ടിയില്നിന്നു മറയുന്നതുവരെ ഗേറ്റ് കീപ്പറെ നോക്കിക്കൊണ്ടിരിക്കണമെന്നാണ് റെയില്‍വേ ചട്ടം. ബോഗികള്‍ വേര്‍പെട്ടതറിയാതെ കോട്ടപ്പുറം ഗേറ്റിലൂടെ മുന്നോട്ടുനീങ്ങിയ മംഗളയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അശ്വതിയുടെ സിഗ്നലില്‍നിന്ന് പെട്ടെന്ന് കാര്യം മനസ്സിലാക്കി.
ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ 22 കോച്ചുകളും 50 മീറ്റര്‍ കൂടി നീങ്ങിയശേഷം നിന്നു. ഈ കോച്ചുകള്‍ നിന്നശേഷമാണ് എന്ജിന് നിര്‍ത്തിയത്. ഗാര്‍ഡും അസിസ്റ്റന്റ് ലോക്കോപൈലറ്റും എത്തി ബോഗികള്‍ വീണ്ടും ഘടിപ്പിച്ചു. 15 മിനിറ്റ് തീവണ്ടി ഇവിടെ കിടക്കേണ്ടിവന്നു.