കല്‍പ്പറ്റ: കുഴിമന്തിയില്‍ നിന്നും വിഷബാധയേറ്റ് ഒരു കുടുംബത്തിലെ 12 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വയനാട്ടിലാണ് സംഭവം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ച പനമരം കൈതക്കല്‍ കരിമംകുന്ന് പൊറ്റയില്‍ ഇബ്രാഹിമിന്റെ വീട്ടിലുള്ളവരാണ് ചികിത്സ തേടിയത്.
ബുധനാഴ്ച ഛര്‍ദിയും വയറുവേദനയും പനിയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊറ്റയില്‍ കുടുംബത്തിലെ ജ്യേഷ്ഠസഹോദരങ്ങള്‍ അടക്കം 12 പേര് പനമരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി മടങ്ങിയിരുന്നു. എന്നാല്‍, രോഗശമനം ഉണ്ടാവാത്തതിനാല്‍ ഇവരില്‍ എട്ടുപേര്‍ വ്യാഴാഴ്ച പനമരം സി.എച്ച്.സിയിലും രണ്ടുപേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.
പനമരം സി.എച്ച്.സി.യില്നിന്ന് പിന്നീട് മൂന്നുപേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റേണ്ടിയും വന്നു. പൊറ്റയില്‍ ഇബ്രാഹിം (45), ഭാര്യ ഖദീജ (40), മകള്‍ റെനീസ (23), സഹല (18), ഹിബ ഫാത്തിമ (11) എന്നിവരാണ് പനമരം ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പൊറ്റയില്‍ അബ്ദുള്‍ അസീസ് (35), ഭാര്യ ഷെരീഫ (30), അബ്ദുസലാമിന്റെ ഭാര്യ ഹഫ്സത്ത് (25) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൈഫുനിസ (30), മകള്‍ ഷഫാന പര്വ്വിന് (18) എന്നിവര്‍ മേപ്പാടിയിലെ സ്വകാര്യമെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
വ്യാഴാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ വിഷബാധയുണ്ടായ വീട്ടില്‍ പരിശോധനക്കെത്തി. കുഴിമന്തിയിലെ ചോറുമാത്രം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ കുഴിമന്തിയിലെ ചിക്കനില്‍ നിന്നോ മയോണൈസില്‍ നിന്നോ ആവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമികനിഗമനം.