കോന്നി: ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവിന്റെ കണ്മുന്നില് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം. മാരൂര്‍പാലം അരുവാപ്പുലം റോഡിലെ കുന്നിന്‍പുറത്തെ കയറ്റത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രവീണ്‍ നോക്കി നില്‍ക്കെയാണ് വിദ്യ സ്കൂട്ടര്‍ ഓടിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിക്കേറ്റ വിദ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടിഞ്ഞിമൂല ഗോപാലകൃഷ്ണന് ആചാരിയുടെ മകളാണ്. മക്കള്‍: പ്രണവ്, പല്ലവി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.