കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ട്.
ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുന്നത്. സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടാം ജന്മമാണെന്നും മന്ത്രി വി എന്‍ വാസവന് തനിക്ക് ദൈവത്തിന് തുല്യനാണെന്നും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
also read: കുളിച്ചുവരാമെന്ന് പറഞ്ഞ് മുറിയില്‍ കയറി, വിവാഹദിവസം രാവിലെ വധു ജീവനൊടുക്കിയ നിലയില്‍
‘അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. അവിടെ എത്തുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല, പിന്നെ നാലാം ദിവസമാണ് ഓര്‍മ്മ വരുന്നത്. ലോകത്ത് ഒരു മന്ത്രി ഒരു സാധാരണ മനുഷ്യന് പൈലറ്റ് പോകുന്നത് ആദ്യമായിരിക്കും. വാസവന് സാര്‍ എനിക്ക് ദൈവത്തിന് തുല്യനാണ്’, വാവ സുരേഷ് പറഞ്ഞു.
‘2006ലാണ് ഞാന്‍ ആദ്യമായി കേരള വനം വകുപ്പിന് പാമ്പിനെ പിടിക്കാന്‍ പരിശീലനം കൊടുക്കുന്നത്. അന്നൊന്നും കേരളത്തില്‍ മറ്റു പാമ്പുപിടിത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോ എനിക്കെതിരെ ഒരു ക്യാമ്പെയിന് നടത്തുകയാണ്. പാമ്പുപിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് വരെ പറയുന്നുണ്ട്.’ ഇനി പാമ്പുപിടിക്കുമ്പോള്‍ ചിന്തിച്ച് മുന്നോട്ടുപോകുമെന്നും മരണം വരെയും പാമ്പ് പിടിക്കുമെന്നും വാവ സുരേഷ് പറഞ്ഞു.