തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികള് സുസജ്ജമാണെന്നും വീണാ ജോര്‍ജ്. വളരെ കൃത്യമായി സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ ഓക്സിജന്‍ കിടക്കകള്‍ എന്നിവയെല്ലാം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
also read: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ ആഴ്ചയില്‍ ശരാശരി 1,95,258 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാല്‍ തന്നെ പകര്‍ച്ചവ്യാധി സമയത്ത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3107 ഐസിയു ഉള്ളതില്‍ 43.3% മാത്രമാണ് കൊവിഡ്, നോണ്‍ കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററില്‍ ആകെ 13.1% മാത്രമാണ് കൊവിഡ്, നോണ്‍ കൊവിഡ് രോഗികളുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 206 ഐസിയുകളാണുള്ളത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 40 ഐസിയു കിടക്കകളാണ് കോവിഡിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ 20 കോവിഡ് രോഗികള്‍ മാത്രമേ ഐസിയുവിലുള്ളൂ. രോഗികള്‍ കൂടുകയാണെങ്കില്‍ നോണ്‍ കൊവിഡ് ഐസിയു ഇതിലേക്ക് മാറ്റുന്നതാണ്. അതിനാല്‍ തന്നെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.