കൊല്ലം: അമിത വേഗത്തില്‍ ഓടിച്ച ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. എംസി റോഡില്‍ കൊട്ടാരക്കരയില്‍ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെയാണ് അപകടം.
നാല് ബൈക്കുകളിലാണ് അപകടത്തിന് കാരണക്കാരായ യുവാക്കള്‍ എത്തിയത്. ബൈക്കുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ പോലുമില്ലായിരുന്നു. നൂറ് കിലോമീറ്ററിലേറെ വേഗത്തില്‍ പാഞ്ഞ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള യുവാവിന്റെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്.
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ന്യൂജന്‍ ബൈക്കുകാരന്റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന എംബിഎ വിദ്യാര്‍ഥി അശ്വന്ത് കൃഷ്ണന്റെ ബുളളറ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അശ്വന്തിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ മറ്റ് മൂന്നു പേരും ബൈക്കുമായി മുങ്ങി. സമീപത്ത് ഒളിപ്പിച്ച നിലയില്‍ ഒരു ബൈക്ക് കണ്ടെത്തി. മറ്റ് ബൈക്കുകള്‍ക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട സ്വദേശികളാണ് ബൈക്ക് അഭ്യാസത്തിനെത്തിയതെന്നാണ് നിഗമനം.