കോഴിക്കോട്; നിയന്ത്രണംവിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വല്ലത്തായ്പാറ പുറമഠത്തില്‍ സുബൈര്‍ – സൗദ ദമ്പതികളുടെ മകന് മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഹാഷിമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ജുനൈസിന് പരിക്കേറ്റു.
കൂടരഞ്ഞി പൂവാറന്‍തോട് റോഡില്‍ ഉറുമിക്ക് സമീപമാണ് അപകടമുണ്ടായത്. പൂവാറന്‍തോടുള്ള ബന്ധു വീട്ടില്‍ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവര്‍ ഹൗസിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
also read: കാണാതായ 23കാരിയുടെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാഷിമിനെ രക്ഷിക്കാനായില്ല. ജുനൈസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുക്കത്തെ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഹാഷിം.