ആലപ്പുഴ: മദ്യ ലഹരിയില്‍ മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. ചെട്ടികുളങ്ങര കാട്ടുവള്ളില്‍ നാമ്പോലില്‍ സുരേഷ് (50) ആണ് അമ്മ രുഗ്മിണിയെ ആക്രമിച്ചത്. ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടില്‍ വഴക്കുണ്ടാക്കിയ സുരേഷ് വീടിനോട് ചേര്‍ന്നിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തു. സ്കൂട്ടറില്‍ നിന്നും തീ വീടിനുള്ളിലേക്ക് ആളി പടര്‍ന്ന് വീടിനുള്ളിലെ സാധനങ്ങള്‍ക്കും തീപിടിച്ചു.
വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാന്‍ ആരും തയ്യാറായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാവേലിക്കര പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുതറിമാറിയ പ്രതി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അമ്മയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു.
പിന്നീട് സ്വയം കഴുത്തറുത്ത സുരേഷിനെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തി. രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പലത്തിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.