തെന്മല: നാട്ടുകാര്‍ക്ക് അപൂര്‍വ്വ കാഴ്ചവിരുന്നൊരുക്കി മുലയൂട്ടുന്ന അമ്മ കാട്ടാന. ഇന്നലെ ചാലിയക്കര ഉപ്പുകുഴി കമ്പിലൈന്‍ സമീപത്താണ് 2 ആനകളും ഒരു കുട്ടിയാനയും എത്തി നാട്ടുകാര്‍ക്ക് കൗതുകമായ ദൃശ്യവിരുന്നൊരുക്കിയത്. ആനകള്‍ എത്തിയ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ യുവാക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം കുട്ടിയാനയ്ക്ക് അമ്മയാന മുലപ്പാല്‍ നല്കുന്ന അപൂര്‍വ്വകാഴ്ചയും ക്യാമറയില്‍ പതിഞ്ഞു.
സാധാരണ നാട്ടിലെത്തുന്ന കാട്ടാനകള്‍ വ്യാപക നാശം വരുത്തുകയാണ് പതിവ്. എന്നാല്‍ ഇന്നലെ പകല്‍ ഉപ്പുകുഴിയില്‍ എത്തിയ ആനകള്‍ കമ്പിലൈന്‍ ഭാഗത്തു നിന്നും കാടും പടലുമെല്ലാം അകത്താക്കുകയായിരുന്നു. സന്ധ്യയായതോടെ ആനകള്‍ ജനവാസമേഖലയിലേക്ക് അടുത്തെത്തി. പകല്‍ നാശമൊന്നും വരുത്തിയില്ലെങ്കിലും രാത്രി വല്ലാത്ത ഭീതിയിലായിരുന്നു നാട്ടുകാര്‍.