ചെന്നൈ: ഉദ്ഘാടന ദിവസം നല്കിയ ‘ഓഫര്‍’ കാരണം ആദ്യ ദിനം തന്നെ ബിരിയാണി സ്റ്റാള്‍ പൂട്ടേണ്ടിവന്നു. അഞ്ച് പൈസ നാണയവുമായി വരുന്നവര്‍ക്കെല്ലാം ബിരിയാണി നല്‍കുമെന്നായിരുന്നു ഓഫര്‍. ഓഫര്‍ കേട്ട് കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തിയതോടെ കടപൂട്ടാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
തമിഴ്നാട്ടിലാണ് സംഭവം. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളാണ് ഉദ്ഘാടനം അല്‍പ്പം വ്യത്യസ്തമാക്കാന്‍ ഓഫര്‍ നല്കി പണി കിട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. തുടക്കം ഉഷാറാക്കാന്‍ വേണ്ടിയാണ് അഞ്ച് പൈസ നാണയവുമായി വരുന്നവര്‍ക്കെല്ലാം ബിരിയാണി നല്കാന് കടയുടമകള്‍ തീരുമാനിച്ചത്.
അഞ്ച് പൈസ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതാണല്ലോ, അഞ്ചോ പത്തോ പേര് വന്നാലായി എന്നായിരുന്നു ഉടമകള്‍ കരുതിയത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് നേരെ വിപരീതമാണ് സംഭവിച്ചത്. അഞ്ച് പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്.
പഴയ നാണയങ്ങള്‍ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി. 300ഓളം പേര് കടക്ക് മുന്നില്‍ അഞ്ച് പൈസയും കൊണ്ട് കൂടിനില്ക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേയായിരുന്നു ഈ കൂട്ടംചേരല്‍. ഇതോടെ പൊലീസ് ഇടപെട്ടു.
മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി ആളുകള്‍ തിങ്ങിക്കൂടിയതോടെ കട അന്നത്തേക്ക് പൂട്ടാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ ഉദ്ഘാടന ഓഫറില്‍ പുലിവാലു പിടിച്ച ഉടമകള്‍ക്ക് ആദ്യ ദിനം തന്നെ കടക്ക് ഷട്ടറിടേണ്ടിവന്നു.