ലഖ്നൗ: മാസ്ക് ധരിക്കാത്തതിന് യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണി തറച്ചു കയറ്റിയെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവാവിന്റെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ബറേലിയിലാണ് സംഭവം നടന്നത്. യുവാവിന്റെ കാലിലും കൈയ്യിലും ആണി തറച്ച ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു. മാസ്ക് ധരിക്കാതെ വീടിനു പുറത്ത് റോഡ് വക്കില്‍ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
അമ്മ അന്വേഷിച്ചെത്തിയപ്പോള്‍ മകനെ കണ്ടില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു. പൊലീസുകാര്‍ക്കെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയാണ് യുവാവ്. അതില്‍നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്എസ്പി രോഹിത് സാജ്വാന് വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.