ചെന്നൈ: അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമുകിയെ കൊലപ്പെടുത്തിയ ശേഷം 40കാരന് ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാകുറിപ്പില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായി ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവി എന്ന യുവതിയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക തുമ്പു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന് താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ പൊലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയായിരുന്നു. ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്കി.
മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.