കൊല്ലം: ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി കൊല്ലം കോട്ട കാത്ത് മുകേഷ്. കടുത്ത മത്സരം കാഴ്ചവച്ച കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷ് വിജയം നേടിയത്.
ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം ഉള്‍പ്പെടെ സര്‍ക്കാറിനെ കുഴക്കിയ ആരോപണങ്ങളും ബിന്ദു കൃഷ്ണക്ക് മണ്ഡലത്തിലുള്ള സ്വാധീനവും ഇത്തവണ ഫലം ഇടതുപക്ഷത്തിന് എതിരാക്കുമെന്ന വിലയിരുത്തലുകളെ കൂടിയാണ് അദ്ദേഹം തോല്പിച്ചത്.
2006 മുതല്‍ എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കിയ മണ്ഡലം നിലനിര്‍ത്തുകയാണ് ഇത്തവണയും മുകേഷിലൂടെ. മുകേഷിന് 16544 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്ക് 14379 വോട്ടുകളുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2006 മുതല്‍ രണ്ട് തവണ പികെ ഗുരുദാസനും പിന്നീട് 2016-ല്‍ എം മുകേഷുമാണ് കൊല്ലത്ത് നിന്ന് നിയമസഭയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ മുകേഷിനുണ്ടായിരുന്ന താരത്തിളക്കമാണ് വിജയം സമ്മാനിച്ചതെങ്കില്‍ ഇത്തവണ വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ഭരണനേട്ടവുമാണ് മുകേഷിന് തുണയായത്.