മൂവാറ്റുപുഴ: സ്കൂളില്‍ പോകാന്‍ സൈക്കിള്‍ വാങ്ങിക്കൊടുത്ത് വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്നാടന്. തെരഞ്ഞെടുപ്പു പര്യടനത്തിനിടെ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ എന്നു ചോദിച്ചു പിറകെ കൂടിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അഞ്ജലിക്കാണ് മാത്യു കുഴല്നാടന് സൈക്കിള്‍ വാങ്ങി നല്‍കിയത്.
വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് വാടക വീട്ടില്‍ കഴിയുന്ന അഞ്ജലിയെയും മാതാപിതാക്കളെയും മാത്യു കുഴല്നാടന് പരിചയപ്പെടുന്നത്. മറ്റു കുട്ടികളൊക്കെ സൈക്കിളില്‍ സ്കൂളില്‍ പോകുന്നുണ്ട് തനിക്ക് ഒരു സൈക്കിള്‍ വാങ്ങിത്തരുമോ എന്നായിരുന്നു അഞ്ജലിയുടെ ചോദ്യം.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു സൈക്കിളിന്റെ കാര്യം നോക്കാമെന്നു അഞ്ജലിക്ക് വാക്കു നല്കിയ മാത്യു കുഴല്നാടന് ഇന്നലെ അഞ്ജലിക്ക് സൈക്കിള്‍ വാങ്ങി വീട്ടില്‍ എത്തിച്ചു നല്കി.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, ജില്ലാ ഭാരവാഹികളായ ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളില്‍, റംഷാദ് റഫീഖ്, ഇബ്രാഹിം മന്നാന്‍, അന്‍സാഫ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ടിഇ ഷിഹാബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.