ചാലക്കുടി: 40 ദിവസം കൊണ്ടു 14 സംസ്ഥാനങ്ങള്‍ താണ്ടി 4100 കിലോമീറ്ററിലേറെ സഞ്ചരിച്ചു ചാലക്കുടിയില്‍ നിന്നും മനാലിയിലേക്കുള്ള മൂവര്‍ സംഘത്തിന്റെ സൈക്കിള്‍ യാത്ര പൂര്‍ത്തിയായി.
റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി.എ. ജോഷിയുടെയും സിജി യുടെയും മകനും തൃശൂര്‍ ചേതന കോളജിലെ ബിഎ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആസ്റ്റിന്‍ ജോഷി (21), വെള്ളിക്കുളങ്ങര മേക്കരുമ്പന് ഷാജി, രജീല ദമ്പതികളുടെ മകനും കോട്ടയം ബസേലിയോസ് കോളജ് ബിഎ ഇംഗ്ലിഷ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സലീഫ് മുഹമദ് (21), ക്യാന്‍സര്‍ രോഗത്തെ പൊരുതി തോല്പിച്ച മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മട്ടാഞ്ചേരിക്കാരന്‍ റിതില്‍ ഹാരിസ് (22) എന്നിവരാണു സൈക്കില്‍ മനാലിയില്‍ എത്തിയത്.
മാര്‍ച്ച് 18നു സമുദ്രനിരപ്പില്‍ നിന്നും 3080 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്റെ മടിത്തട്ടിലെ മനാലി സിസുവില്‍ കീലോങ്ങില്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ മൂവരും ത്രിവര്‍ണപതാക ഉയര്‍ത്തിപ്പിടിച്ചു.
ഫെബ്രുവരി 7നു പുറപ്പെട്ട യാത്രയുടെ ലക്ഷ്യസ്ഥാനം ലഡാക്ക് ആയിരുന്നു. എന്നാല്‍ അപകടമുന്നറിയിപ്പു നല്കി സൈന്യം തടയുകയായിരുന്നു. യാത്രയ്ക്കിടെ സിന്ധു ബോര്ഡറില് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം 2 ദിവസം ചെലവിട്ടു. പെട്രോള്‍ പമ്പുകളിലും ധാബകളിലുമായിരുന്നു വിശ്രമം. ആസ്റ്റിന്‍ ചാലക്കുടി സൈക്കിള്‍ ക്ലബ്ബായ ‘കെല് 64 പെഡലേഴ്സിന്റെ പ്രസിഡന്റ് കൂടിയാണ്.