വാളകം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് സ്വന്തം ജീവന്റെ വിലയുള്ള വോട്ട് രേഖപ്പെടുത്തി ഒരു വീട്ടമ്മ. വോട്ട് ചെയ്യാന്‍ പോയതുകൊണ്ട് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയ്ക്കു ജീവന് രക്ഷിക്കാനായി.
ഇടയം കോളനിയില്‍ പൊയ്കവിളവീട്ടില്‍ ടി ജാനകിയുടെ വീടാണു ഇലക്ഷന് ദിവസം ഉച്ചയോടെ തകര്‍ന്നത്. ഇവരുടെ വീട് തകര്‍ന്നെങ്കിലും വീട്ടമ്മ പോളിങ് ബൂത്തിലായിരുന്നതിനാല് വന്‍അപകടം ഒഴിവായി. വോട്ട് ചെയ്തു തിരികെ എത്തിയപ്പോള്‍ നിലംപൊത്തിയ വീടാണു ഇവര്‍ കണ്ടത്.
ഇതോടെ നിര്‍ധന കുടുംബാംഗമായ ഇവര്‍ക്കു തല ചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. അപകട സമയത്ത് ഇവര്‍ വാളകം എംജി എച്ച്എസിലെ പോളിങ് ബൂത്തിലായിരുന്നു. ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരയ്ക്കൊപ്പം മണ്‍കട്ട കൊണ്ടു നിര്‍മിച്ച ചുവരും തകര്‍ന്നു. പാത്രങ്ങളും മറ്റു വീട്ടുസാധനങ്ങളും നശിച്ചു.