തൃശൂര്‍: സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും എതിര്‍ത്തും പറയുന്ന സാധാരണക്കാരുടെ വീഡിയോകള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്ന മധ്യവയസ്കന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒരു സ്വകാര്യ ചാനല്‍ എടുത്തതാണ് വീഡിയോ.’സുരേഷ് ഗോപി പൂരപ്പറമ്പ് മാത്രമേ എടുക്കൂ. വേറൊന്നും എടുക്കാന്‍ പറ്റില്ല. എടുക്കും എടുക്കും എന്ന് പറയുമ്പോള്‍ കൊടുക്കാന്‍ ഞങ്ങളെന്താ വിഡ്ഢികളാണോ?’ അദ്ദേഹം ചോദിക്കുന്നു. സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘എന്തായാലും എന്റെ വീട് എടുക്കാന്‍ പറ്റില്ല അവന്. കാരണം അതിന് ലോണുള്ളതാ. പിന്നെ ആ വട്ടം എടുക്കാം. അത് സര്‍ക്കാരിന്റെയാ. ഇത്രയും നല്ല സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ സുരേഷ് ഗോപി സിനിമയില്‍ നിന്ന് വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ്?.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്കറ്റില്‍ വന്നപ്പോള്‍ അവന് വെയിലു കൊണ്ട് തലചുറ്റി. അങ്ങനെയുള്ള ആളാണോ ജനങ്ങളുടെ കാര്യങ്ങള്‍ ചെയ്യുക? വിയര്‍പ്പിന്റെ അസുഖമുണ്ട് അങ്ങേര്‍ക്ക്. വിയര്‍പ്പ് കൊണ്ടിട്ടുള്ള ഉശിരന്മാരായ ആളുകള്‍ വേറെയുണ്ടിവിടെ. അവര്‍ ഭരിക്കട്ടെ’, അഭിപ്രായം പറഞ്ഞവസാനിപ്പിച്ചു.വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.